Monday, March 30, 2015

             മാത്തുകുട്ടിയും പ്രണയവും                 


രണ്ടു ദിവസം മുന്‍പ്  രാത്രിയില്‍ 100 DAY’S OF LOVE സിനിമ കണ്ടു,സിനിമ അത്രയ്ക്ക് ബോറടിപ്പിച്ചില്ല. പ്രണയത്തിന്റെ സിനിമ കണ്ടപ്പോള്‍ ഞാന്‍ മാത്തുകുട്ടിയെ ഓര്‍ത്തു, എന്റെ ബാല്യ കാല സുഹൃത്ത്‌,  സത്യക്രിസ്ത്യാനി.
പ്രേമത്തിന്റെ കാര്യത്തില്‍ കൂട്ടുകാരോളം സഹായം കിട്ടിയിട്ടുള്ളവര്‍ വേറെ കാണില്ല, പക്ഷെ  കൂട്ടുകാര്‍ കാരണം രണ്ടു തവണ പ്രേമത്തില്‍ പണി കിട്ടിയവനാണ് മാത്തുകുട്ടി.
അതില്‍ ഒന്നാമത്തെ സംഭവം നടക്കുന്നത് നാലാം ക്ലാസ്സില്‍ പടിക്കുമ്പോള്‍ ആണ്, വള്ളി നിക്കറും ഇട്ടു ഉച്ച കഞ്ഞി മോന്തി നടക്കുന്ന കാലത്ത് മാത്തുകുട്ടിക്ക് ഒരു പ്രണയം തോന്നി, രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന ശ്രീജ എന്ന കുട്ടിയോട്.
മാത്തുകുട്ടി അത് തന്റെ ആത്മാര്‍ത്ഥ സുഹൃത്തും ഗാംഗ് ലീഡറുമായ നെട്ടൂരാനോട് പറഞ്ഞു. മോഹന്‍ലാലിന്റെ കടുത്ത ആരാധകനായ അവന്റെ വിളിപ്പേരാണ് നെട്ടൂരാന്‍. ഗാങ്ങിനെ കുറിച്ച് പറയുകയാണെങ്കില്‍ ഞങ്ങള്‍ മൂന്നുപേര്‍, ഞാന്‍, നെട്ടൂരാന്‍ പിന്നെ മാത്തുകുട്ടി. ഒരുമിച്ചു ഉണ്ട് ഒരുമിച്ചു കളിച്ചു നടക്കുന്ന ഞങ്ങള്‍ ഒരുമിച്ചുറങ്ങുകയും  ചെയ്തിരുന്നു ( ക്ലാസ്സില്‍ പഠിപ്പിക്കുന്ന സമയത്ത് ).പിന്നെ നേട്ടൂരാന്‍ ഗാങ്ങ് ലീഡര്‍ അയതിനെ ക്കുറിച്ച് പറയുകയാണെങ്കില്‍, അവന്‍ കരാട്ടെ ബ്ലാക്ക്‌ ബെല്‍റ്റ്‌ ആണ് എന്നാണ് ഞങ്ങളോട് പറഞ്ഞിരുന്നത്, വിശ്വസിപ്പിക്കാന്‍ ഒരു കറുത്ത ബെല്‍റ്റും കൊണ്ട് കാണിച്ചിരുന്നു, പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അറിഞ്ഞത് അവന്‍ അന്ന് പുളു അടിച്ചതാനെന്നും കൊണ്ട് വന്നു കാണിച്ചത് ഒരു സാദാരണബെല്‍റ്റ്  ആയിരുന്നു എന്നും.

സത്യത്തില്‍  മാത്തുകുട്ടി പറയുമ്പോള്‍ മാത്രമാണ്  നെട്ടൂരാന്‍ അവളെ കാണുന്നത് തന്നെ, അവളെ കണ്ട മാത്രയില്‍ തുറന്നു പോയ വായ അടയ്ക്കാന്‍ നെട്ടൂരാന്‍ കുറച്ചു സമയമെടുത്തു. അമ്മച്ചിയാണെ സത്യം ഞാന്‍ കണ്ടതാ.അങ്ങനെ നെട്ടൂരാന്‍ ആ ദൌത്യം ഏറ്റെടുത്തു. കുറച്ചു ദിവസത്തിന് ശേഷം നേട്ടൂരാന്‍ ഒരു പ്രഖ്യാപനം നടത്തി ഡാ ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ നീ തളരരുത്  അവളോട്‌ ഞാന്‍ നിന്നെക്കുറിച്ചു പറഞ്ഞു, പക്ഷെ അവള്‍ക്കു താല്പര്യമില്ല, പിന്നെ നീ വിഷമിക്കരുത്അവള്‍ക്ക് എന്നെ ഇഷ്ടമാണെന്ന്. ഇത് കേട്ട് തകര്‍ന്ന മാതുകുട്ടിയുടെ രൂപം ഇപ്പോളും എന്റെ കണ്മുന്നിലുണ്ട്.സ്വന്തം കൂട്ടുകാരന്‍ ആയത് കൊണ്ടും നേട്ടൂരാന്‍ ബ്ലാക്ക്‌ ബെല്‍റ്റ്‌ ആയത് കൊണ്ടും മാത്തുകുട്ടി അവനെ വെറുതെ വിട്ടു.
പിന്നീട് മാതുകുട്ടിക്കു പണി കിട്ടുന്നത് എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ്, അന്ന് പക്ഷെ അവന്‍ ഒരു കാമുകന്റെ റോളില്‍ ആയിരുന്നില്ല, കഴിഞ്ഞ കുറെ കാലത്തിനിടയ്ക് മാത്തുകുട്ടി ഒരു ഹംസത്തിന്റെ ജോലി ആയിരുന്നു ചെയ്തിരുന്നത്. നാട്ടിലുള്ള ചെട്ടന്മ്മാരുടെയും ചേച്ചി മാരുടെയും പ്രണയ ലേഖനങ്ങള്‍ കൈമാറുന്ന ഹംസം. അത് കൊണ്ട് ഒരു ഗുണം ഉണ്ടായിരുന്നു അവര്‍ അറിയാതെ കത്തുകള്‍ പൊട്ടിച്ചു വായിക്കാമായിരുന്നു.
അങ്ങനെ കത്തുകള്‍ കൊടുത്തും വായിച്ചും നടക്കുന്ന സമയത്താണ് മാതുകുട്ടിയോടു ക്ലാസ്സിലെ ഏറ്റവും പഠിക്കുന്ന കുട്ടിയും സര്‍വോപരി സല്സ്വഭാവിയുമായ സുഗുണന്‍ ഒരു കാര്യം ആവശ്യപ്പെടുന്നത്. ക്ലാസ്സിലെ സുന്ദരിയും സുശീലയുമായ ശാലിനിയോട് അവന്റെ ഇഷ്ടം അറിയിച്ചു ഒരു കത്തെഴുതനം. ഒരു കാര്യം മനസ്സിലാക്കണം ശാലിനി മാത്തുകുട്ടിയുടെ മലയാളം ടീച്ചറുടെ മകളാണ്.
കാര്യം മാതുകുട്ടിക്കു സിമ്പിള്‍ ആണ് ആരുടെയെങ്കിലും കത്തുകളിലെ വാക്കുകള്‍ കടമെടുത്താല്‍ മതി, പക്ഷെ മാത്തുകുട്ടി ഇതുവരെ ആര്‍ക്കും കതെഴുതിയിട്ടില്ല. പക്ഷെ സുഗുണന്റെ നിര്‍ബന്ധതിനു വഴങ്ങി (കൈക്കൂലിയായി ഒരു സിപ്‌- അപ്പ്‌, പിന്നെ ഒറ്റു കൊടുക്കില്ല എന്നാ ഉറപ്പിലും) അവന്‍ കത്തെഴുതി. വെള്ളിയാഴ്ച ദിവസം ഉച്ചയ്ക്ക് അവള്‍ ഇല്ലാത്ത സമയത്ത് അവളുടെ ബാഗിനുള്ളില്‍ കത്ത്  വെച്ചിട്ട് താഴെ ഗ്രൗണ്ടില്‍ പോയി ക്രിക്കറ്റ്‌ കളിച്ചു. ബെല്ലടിച്ചു ക്ലാസ്സില്‍ വന്ന മാത്തുകുട്ടി ഞെട്ടിപ്പോയി
കയ്യില്‍ കത്തുമായി സ്റ്റാഫ്‌ റൂം ലക്ഷ്യമാകി പായുന്ന ശാലിനിയും തോഴിമാരും, തന്റെ ഇരിപ്പിടത്തില്‍ വിറച്ചു കൊണ്ടിരിക്കുന്ന സുഗുണന്‍. കുറച്ചു കഴിഞ്ഞപ്പോള്‍ മലയാളം ടീച്ചറും കുട്ടികളും കത്തും ക്ലാസ്സില്‍ എത്തി. ഇതാരാ എഴുതിയതെന് മര്യാദക്ക് പറഞ്ഞോ ഇല്ലെങ്കില്‍ എല്ലാര്ക്കും കിട്ടും നല്ല പെട. ആരും ഒരക്ഷരം മിണ്ടിയില്ല. പക്ഷെ ഞാന്‍ ആര്‍ക്കു വേണ്ടിയാണോ കത്തെഴുതിയത് ആരാണോ എന്നെ  ഒറ്റു കൊടുക്കില്ല എന്ന് പറഞ്ഞത്, അവന്‍ തന്നെ യൂദാസിനെപോലെ എന്നെ ഒറ്റു കൊടുത്തു. മലയാളം ടീച്ചര്‍ എന്റെ കൈവെള്ളയില്‍ രണ്ടു പെട എന്നിട്ട് ഒരു പറച്ചിലും മലയാളം നേരെ ചൊവ്വേ എഴുതാന്‍ അറിയില്ല, അവന്‍ കത്തെഴുതാന്‍ നടക്കുന്നു. അടികൊണ്ട മാതുകുട്ടിക് മേല്‍ ആണിയടിച്ചപോലെ  ആയി ആ വാക്കുകള്‍.
നീ മുഖാന്തിരം ഞാന്‍ ചാകണോ എന്നൊരു പഞ്ചിനു വേണ്ടി ചേര്‍ത്തതായിരുന്നു, പക്ഷെ എഴുതി വന്നപ്പം നീ മൂതിറം ഞാന്‍ ചാണകം എന്നായി പോയി.
അതില്‍പിന്നെ മാത്തുകുട്ടി പ്രണയിക്കാനോ പ്രണയിപ്പികാനോ പോയിട്ടില്ല.
പക്ഷെ രണ്ടാമത്തെ കഥ ഇത് കൊണ്ടൊന്നും തീര്‍ന്നില്ല സുഗുണന്‍ ശാലിനിയെ തന്നെ കല്യാണം കഴിച്ചു സുഗമായി ജീവിക്കുന്നു.